വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 2021ലെ ജനപ്രിയ ചിത്രമായി മാറിയ ‘ഹൃദയം ‘ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരന്ന ചിത്രം ഹിന്ദിയിലേക്ക് ഒരുങ്ങുമ്പോൾ മലയാളികളും ആവേശത്തിലാണ് ,എന്നാൽ മലയാളികളുടെ പ്രതീക്ഷ തെറ്റിച്ചു കൊണ്ട് ഹിന്ദിയിൽ നായകനാകുന്നത് സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ ആണ് എന്നതാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്.
സെയ്ഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ 2018-ൽ കേദാർനാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോഴിതാ നാലു വർഷങ്ങൾക്കു ശേഷം മകനും അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്ന സന്തോഷത്തിലാണ് സെയ്ഫ് അലി ഖാൻ എന്നാണ് ബോളിവുഡിൽ നിന്ന് വരുന്ന പുതിയ വിവരം .താരപുത്രൻറെ ബോളിവുഡ് അരങ്ങേറ്റവും ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്. നിരവധി മാധ്യമങ്ങളാണ് ഈ വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .
ഇബ്രാഹിമിന്റെ ബോളിവുഡ് അരങ്ങേറ്റം
കരൺ ജോഹറും സ്റ്റാർ സ്റ്റുഡിയോസും ചേർന്നാണ് ഹൃദയം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത് എന്നാണ് പുതിയ വിവരങ്ങൾ. “ഇത് ഇബ്രാഹിമിന്റെ ലോഞ്ചിനുള്ള ഏറ്റവും മികച്ച പ്രോജക്റ്റാണ്. കുറച്ചുകാലമായി, കരൺ ഇബ്രാഹിമിന് അനുയോജ്യമായ ഒരു ലോഞ്ച് സിനിമയ്ക്കായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു, അപ്പോഴാണ് ഹൃദയം ഞങ്ങൾക്ക് മുന്നിലെത്തിയത്,എന്നാണ് ചിത്രത്തിന് ഏറ്റവും അടുത്ത ആളുകൾ പറയുന്നത്.