Saturday, April 20, 2024
HomeMalayalamFilm Newsവന്നു, കണ്ടു, കീഴടക്കി! എന്തുകൊണ്ട് ' ഇനി ഉത്തരം' നിങ്ങൾ തിയേറ്ററുകളിൽ നിന്നും മിസ്സാക്കരുത്! കൃത്യമായ...

വന്നു, കണ്ടു, കീഴടക്കി! എന്തുകൊണ്ട് ‘ ഇനി ഉത്തരം’ നിങ്ങൾ തിയേറ്ററുകളിൽ നിന്നും മിസ്സാക്കരുത്! കൃത്യമായ അഞ്ചു കാരണങ്ങളിതാ.

മലയാളത്തിൽ ത്രില്ലർ ചിത്രങ്ങളുടെ രാജാവ് എന്നാണ് ജീത്തു ജോസഫ് അറിയപ്പെടുന്നത്. താൻ സംവിധാനം ചെയ്ത ത്രില്ലർ ചിത്രങ്ങൾ എല്ലാം തന്നെ തീർത്തും വ്യത്യസ്തതയുള്ളതാക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിൽ പ്രേക്ഷകർക്കും സംശയം ഉണ്ടാവില്ല. ത്രില്ലർ എന്ന ജോണറിൽ പെട്ടതാണെങ്കിൽ കൂടി സമാന സ്വഭാവമുള്ള ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തവയിൽ ഇല്ല എന്ന് തന്നെ പറയാം. ഈ ജോണറിലെ സങ്കീർണമായ പല ഏടുകളിലേക്കും ഇദ്ദേഹത്തിൻറെ ചിത്രങ്ങൾ തീർത്തും വ്യത്യസ്തമായി സഞ്ചരിക്കുന്നു. ഇങ്ങനെയുള്ള ഒരു ഗുരുവിൻറെ ശിഷ്യനായ സുധീഷ് രാമചന്ദ്രൻ ഒരു ചിത്രം സംവിധാനം ചെയ്യുമ്പോൾ ആ ഗുരുവിൻറെ സ്വാധീനം ചിത്രത്തിൽ കാണുന്നത് തീർത്തും സ്വാഭാവികമാണ്. ഡോക്ടർ ജാനകി എന്ന സ്ത്രീയുടെ അപാരമായ ഉൾക്കരുത്തിന്റെ കഥയുമായി സുധീഷ് വരുമ്പോൾ പ്രേക്ഷകർ ഇരിപ്പിടങ്ങളിൽ ശ്വാസമടക്കാനാവാതെ ഇരിക്കുന്നത് ഇതിനുദാഹരണം മാത്രം.

ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ അപർണ ബാലമുരളി നായികയായി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആദ്യ ചിത്രമാണ് ഇനി ഉത്തരം. ചിത്രത്തിൻറെ പോസ്റ്ററുകൾ തുടങ്ങി ട്രെയിലർ വരെ തീർത്തും ഉദ്വേഗജനകമായ ഒരു പ്രമേയം ആയിരിക്കും ചിത്രത്തിൻറെ എന്നുള്ള കൃത്യമായ സൂചനകൾ ഉണ്ടായിരുന്നു. ചിത്രം പുറത്തിറങ്ങി ആദ്യ ഷോകൾ പിന്നിട്ട് അമ്പരപ്പിക്കുന്ന പ്രേക്ഷക പ്രതികരണം ഈ കൊച്ചു ചിത്രം നേടുമ്പോൾ എന്തുകൊണ്ട് തിയറ്ററിൽ പോയി തന്നെ ചിത്രം ആസ്വദിക്കേണ്ടതുണ്ട് എന്നതിന്റെ ചില കാരണങ്ങൾ നമുക്കൊന്ന് വിശകലനം ചെയ്യാം. സംവിധാനം മികവിന്റെ മറ്റൊരു തലം കാണിക്കുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളുടെ ആധികാരികമായ പ്രകടനം കൂടിയാവുമ്പോൾ മികച്ചതിൽ കുറഞ്ഞുള്ള ഒരു ഫലം പ്രതീക്ഷിക്കാതിരിക്കുവാൻ ആവില്ല.

അപർണ ബാലമുരളിയുടെ ഡോക്ടർ ജാനകി എന്ന കഥാപാത്രമാണ് ചിത്രത്തെ മുൻപോട്ടു നയിക്കുന്നത്. ജാനകി എന്ന കഥാപാത്രത്തിലുള്ള നിഗൂഢതകളും, കഥാപാത്രത്തിന്റെ പലവിധ വൈകാരിക ഭാവങ്ങളും എല്ലാം അപർണ എന്ന നടിയുടെ കൈകളിൽ തീർത്തും ഭദ്രമാണ്. അപർണയുടെ കയ്യടക്കത്തോടെയുള്ള ഈ പ്രകടനം കയ്യടികൾ അർഹിക്കുന്നു. അതുപോലെതന്നെയാണ് സിഐ കരുണൻ എന്ന കലാഭവൻ ഷാജോൺ അവതരിപ്പിച്ച കഥാപാത്രവും. നിരവധി പോലീസ് വേഷങ്ങൾ ഷാജോൺ മുൻപ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഈയൊരു കഥാപാത്രം അവയിൽ നിന്നൊക്കെ വേറിട്ട് നിൽക്കും എന്നത് ഉറപ്പ്. മുൻപ് ചെയ്ത പോലീസ് കഥാപാത്രങ്ങളുടെ യാതൊരുവിധ മാനറിസങ്ങളും ഇല്ലാതെ, പൂർണ്ണമായും ആ കഥാപാത്രമായി മാറുവാൻ ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നടൻ ഹരീഷ് ഉത്തമൻ അവതരിപ്പിച്ച എസ് പി ഇളവരസ് എന്ന കഥാപാത്രം ഇദ്ദേഹത്തെ തന്നെ ഏൽപ്പിക്കുവാൻ സംവിധായകൻ കാണിച്ച ധൈര്യത്തെ എടുത്തുപറയണം. തനിക്ക് സ്ഥിരമായി ലഭിക്കുന്ന വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സൂത്രശാലിയായ എസ്പിയുടെ വേഷം ഹരീഷ് മനോഹരമാക്കിയിട്ടുണ്ട്.

ചന്തുനാഥ്, സിദ്ധാർത്ഥ് മേനോൻ, ജാഫർ ഇടുക്കി, സിദ്ദിഖ് എന്നിവരൊക്കെ തന്നെ പതിവുപോലെ താങ്കളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. ഒരു മണിക്കൂർ നീളുന്ന ആദ്യപകുതി കഴിയുമ്പോൾ പ്രേക്ഷകരുടെ പ്രതികരണം പോലെ തന്നെ അത്രയും സമയം പോയത് അവർ അറിയുന്നില്ല. അത്രയും ഉദ്വേഗഭരിതമായി ആ ത്രിൽ എലമെന്റ് ഉടനീളം കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം തന്നെ രവിചന്ദ്രന്റെ മനോഹരമായ ക്യാമറ വർക്കും, ഹെഷാം അബ്ദുൽ വഹാബിന്റെ പശ്ചാത്തല സംഗീത മായാജാലവും ചേരുമ്പോൾ ചിത്രം പ്രേക്ഷകരെ മറ്റൊരു ലോകത്തേക്ക് ആണ് കൂട്ടിക്കൊണ്ടുപോകുന്നത്. കെട്ടുറപ്പുള്ള ഒരു തിരക്കഥ ചിത്രത്തിന് നൽകുവാൻ തിരക്കഥാകൃത്തുക്കളായ രഞ്ജിത്ത് ഉണ്ണി ടീമിനും സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. വളരെ ചുരുക്കം ചില രംഗങ്ങളിൽ വരുന്ന കഥാപാത്രങ്ങൾ പോലും എത്രത്തോളം ചിത്രത്തിൻറെ കഥയ്ക്ക് സംഭാവന നൽകുന്നു എന്നതുമാത്രം ഇതിന് തെളിവാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യൻ സിനിമയ്ക്ക് തന്നെ നായിക കേന്ദ്രീകൃതമായ, ഒരു ക്ലാസിക് ത്രില്ലർ ചിത്രം സമ്മാനിച്ചിരിക്കുകയാണ് സംവിധായകൻ സുധീഷ് രാമചന്ദ്രൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments