Tuesday, November 29, 2022
HomeMalayalamFilm Newsപാസ്റ്റർ പ്രകാശനായി ജാഫർ ഇടുക്കി. "ഇനി ഉത്തരം" ഒക്ടോബർ ഏഴിന്

പാസ്റ്റർ പ്രകാശനായി ജാഫർ ഇടുക്കി. “ഇനി ഉത്തരം” ഒക്ടോബർ ഏഴിന്

ജാഫർ ഇടുക്കി മലയാള സിനിമയിൽ അഭിനേതാവായി എത്തിയിട്ട് പതിനേഴ് വർഷം പൂർത്തിയാവുകയാണ്. അഭിനേതാവ് എന്ന നിലയിൽ തനിക്ക് കിട്ടിയ കഥാപാത്രങ്ങളെയെല്ലാം തന്നെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നതിൽ താരം മിടുക്ക് കാട്ടാറുണ്ട്. മിമിക്രി കലാകാരനായാണ് ജാഫർ കലാരംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് നിരവധി വേദികളിൽ തിളങ്ങിയ അദ്ദേഹം സിനിമയിലേക്ക് എത്തുകയായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് മികച്ച നടനുള്ള സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങൾ വൈകാതെ അദ്ദേഹത്തെ തേടിയെത്തുമെന്ന് കരുതാം. അത്രയും അനായാസമായാണ് തനിക്ക് ലഭിക്കുന്ന ഓരോ കഥാപത്രങ്ങളെയും അവതരിപ്പിക്കുന്നത്.

ഇതിനോടകം നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജാഫർ ആദ്യമായി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയത് രഞ്ജിത്തിന്റെ കയ്യൊപ്പ് എന്ന ചിത്രത്തിലെ ലോഡ്ജിലെ ജീവനക്കാരൻ ബാബു എന്ന കഥാപാത്രമായിട്ടായിരുന്നു. പിന്നീട് അതെ വർഷം തന്നെ ഇറങ്ങിയ ബിഗ്ബി എന്ന ചിത്രത്തിലെ ഡോഗ് ഷംസു എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് കോമഡിവേഷങ്ങളിൽ ഒതുങ്ങിപ്പോയ താരത്തിന് ഒരു റീബർത്ത് കൊടുത്തതാവട്ടെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കുഞ്ഞുമോൻ കഥാപാത്രമായിരുന്നു. പിന്നീട് അങ്ങോട്ട് വന്ന ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ജാഫർ ഇടുക്കി എന്ന താരത്തിന് സഹനടനായി ചിത്രങ്ങളിലെ നിർണ്ണായക കഥാപാത്രങ്ങളായി വേഷം ലഭിച്ചു തുടങ്ങി.

ജെല്ലിക്കെട്ട്, കെട്ട്യോളാണെന്റെ മാലാഖ, ഇഷ്‌ക്, അഞ്ചാം പാതിരാ, ചുരുളി തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളെ എടുത്തു പറയുക തന്നെ വേണം. അത്തരത്തിൽ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാൻ പോകുന്ന കഥാപാത്രമാണ് “ഇനി ഉത്തരം” എന്ന റിലീസിന് ഒരുങ്ങുന്ന ചിത്രത്തിലും ജാഫർ ചെയ്യുന്ന കഥാപാത്രം എന്നാണ് അറിയുന്നത് . പാസ്റ്റർ പ്രകാശൻ എന്നാണ് കഥാത്രത്തിന്റെ പേര്. സുധീഷ് രാമചന്ദ്രൻ അപർണ്ണ ബാലമുരളിയെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഇനി ഉത്തരം”.

എ&വി എന്റർടെയിന്റ്മെന്റിന്റെ ബാനറിൽ സഹോദരന്മാരായ വരുൺ, അരുൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബറിൽ ഏഴിന് ചിത്രം പ്രദർശനത്തിനെത്തും. ഹരീഷ് ഉത്തമൻ, ചന്തുനാഥ്, സിദ്ധാർഥ് മേനോൻ, സിദ്ദീഖ്, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ, ഷാജുശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി,ഭാഗ്യരാജ് എന്നിവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രഞ്ജിത്ത്- ഉണ്ണി എന്നിവർ രചന നിർവ്വഹിച്ച ഇനി ഉത്തരത്തിന്റെ ഛായാഗ്രാഹകൻ രവിചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു. എഡിറ്റർ-ജിതിൻ ഡി.കെ. പ്രൊഡക്‌ഷൻ കൺട്രോളർ റിന്നി ദിവാകർ, വിനോഷ് കൈമൾ. കല അരുൺ മോഹനൻ. മേക്കപ്പ്-ജിതേഷ് പൊയ്യ. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ. സ്റ്റിൽസ് ജെഫിൻ ബിജോയ്. പരസ്യകല ജോസ് ഡോമനിക്. ഡിജിറ്റൽ പിആർഒ: വൈശാഖ് സി. വടക്കേവീട്. ചീഫ് അസോഷ്യേറ്റ് ഡയറക്ടർ ദീപക് നാരായൺ. .

RELATED ARTICLES
- Advertisment -

Most Popular

Recent Comments