Monday, October 2, 2023
HomeMalayalamFilm Newsഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

ഇന്ത്യന്‍ സിനിമയില്‍ അമ്പതാണ്ടു പിന്നിട്ട് മേക്കപ്പ്മാന്‍ പാണ്ഡ്യൻ

മലയാളസിനിമാപ്രേമികള്‍ക്കുമുന്നില്‍ മിന്നിമായുന്ന പ്രമുഖ ടൈറ്റില്‍ കാര്‍ഡുകളില്‍ ഒന്നാണ് ‘ചമയം – പാണ്ഡ്യൻ’. പ്രേം നസീര്‍ മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ള പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകളില്‍ പ്രവര്‍ത്തിച്ച മലയാളി പ്രേക്ഷകരുടെ പ്രിയ മേക്കപ്പ് മാന്‍ മലയാളസിനിമയില്‍ അമ്പതാണ്ട് പിന്നിടുകയാണ്. കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് കേക്ക് മുറിച്ചും പാണ്ഡ്യനെ പൊന്നാടയണിയിച്ച് ആദരിച്ചും ഈ സുവര്‍ണ്ണനിമിഷം ആഘോഷിക്കപ്പെട്ടു. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

സത്യന്‍ മാഷിന്റെ പേഴ്സണല്‍ മേക്കപ്പ് മാനായ കൃഷ്ണരാജന്റെ സഹായിയായി തന്റെ പതിനാറാം വയസ്സിലാണ് തമിഴ്‌നാട്‌ സ്വദേശിയായ പാണ്ഡ്യൻ മലയാളസിനിമയിലേക്ക് പ്രവേശിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ജെ വില്യംസിന്റെ സഹായിയായി പല ചിത്രങ്ങളിലും പ്രവര്‍ത്തിച്ച അദ്ദേഹം അതിനിടെ തമിഴിൽ അസ്സിസ്റ്റന്റ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. 1972ല്‍ പുറത്തിറങ്ങിയ പുള്ളിമാന്‍ എന്ന ചിത്രത്തില്‍ എം ഒ ദേവസ്യയുടെ സഹായിയായാണ്‌ അദ്ദേഹം മേക്കപ്പ് അസിസ്റ്റന്റ്‌ ആവുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മലയാളം, തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരുപാട് ചിത്രങ്ങളിൽ ചമയം സഹായിയായി അദ്ദേഹം പ്രവർത്തിച്ചു.

1978-ൽ ജെ വില്യംസ് കഥയെഴുതി സംവിധാനം ചെയ്ത മദാലസയിലാണ് ആദ്യമായി പാണ്ഡ്യൻ സ്വതന്ത്ര മേക്കപ്പ് മാനായത്. തുടര്‍ന്നുള്ള കാലം മിക്ക പ്രമുഖ സൗത്ത് ഇന്ത്യന്‍ താരങ്ങളുടെയും മുഖം മിനുക്കാന്‍ അദ്ദേഹത്തിനു കഴിയുകയുണ്ടായി. അഞ്ഞൂറോളം ചിത്രങ്ങളിലാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളത്. കമല്‍, സത്യന്‍ അന്തിക്കാട്, ജോഷി തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിലെ സ്ഥിരം ചമയക്കാരനായി പാണ്ഡ്യൻ മാറി. 2001ല്‍ കമല്‍ സംവിധാനം ചെയ്ത ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലെ ചമയത്തിന് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിക്കുകയുണ്ടായി. മലയാളത്തിനുപുറമെ തെലുങ്ക് താരങ്ങളായ എന്‍.ടി.ആര്‍, എസ്.വി.ആര്‍, കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും തമിഴില്‍ രജനികാന്ത്, കമലഹാസന്‍ തുടങ്ങിയവര്‍ക്കൊപ്പവും പാണ്ഡ്യൻ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും ആണ് അദ്ദേഹത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

കമല്‍ സംവിധാനം ചെയ്യുന്ന ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രമാണ് പാണ്ഡ്യൻ ചമയം നിര്‍വഹിക്കുന്ന പുതിയ ചിത്രം. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഷൈൻ ടോം ചാക്കോയാണ് നായകനാവുന്നത്. ഗ്രേസ് ആന്റണി, സ്വാസിക, മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള തുടങ്ങിയ താരങ്ങൾക്കൊപ്പം സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആര്‍ട്ട്‌ ഡയറക്ടര്‍ – ഇന്ദുലാല്‍, വസ്ത്രാലങ്കാരം – സമീറാ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ – സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്ഷന്‍ ഡിസൈനർ – ഗോകുൽ ദാസ്, പ്രൊഡക്ഷന്‍ മാനേജര്‍ – നികേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പി.ആര്‍.ഒ – വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്

RELATED ARTICLES
- Advertisment -

Most Popular

Recent Comments