“ബാലനാടാ, കയ്യടിക്കടാ…” എന്ന ഡയലോഗുമായി വെള്ളിത്തിരയിൽ നിന്നും പ്രേക്ഷകരുടെ മനസ്സിലേക്ക് കുടിയേറിയ സിനിമ പ്രേമികളുടെ പ്രിയതാരമാണ് മണികണ്ഠൻ ആചാരി. താര പരിവേഷങ്ങളുടെ ഭാരങ്ങൾ ഒന്നും തന്നെ ഇല്ലാത്ത നമുക്ക് ചുറ്റും കാണുന്ന പച്ചയായ മനുഷ്യരെയാണ് മണികണ്ഠന്റെ കഥാപാത്രങ്ങളിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്, അതുകൊണ്ടുതന്നെയാണ് നേരത്തെ പറഞ്ഞതുപോലെ ഈ നടൻ വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയതും. സാധാരണക്കാരന്റെ നിസ്സഹായതയും, മനോവ്യഥകളും, ചങ്കൂറ്റവും എല്ലാം പ്രേക്ഷകർക്ക് വളരെ എളുപ്പത്തിൽ തന്നെ മണികണ്ഠൻ ആചാരിയുടെ കഥാപാത്രങ്ങളുമായി കണക്ട് ചെയ്യുവാൻ സാധിക്കും. ഒരു സമയത്ത് ഇത്തരം കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിത്തന്നത് കലാഭവൻ മണിയായിരുന്നു. മണിയുടെ വിയോഗത്തിനുശേഷം അതെ തൂക്കത്തിൽ തന്നെ തീവ്രത ഒട്ടും ചോരാതെ അത്തരം കഥാപാത്രങ്ങൾ പകർന്നാടുന്നത് ഇപ്പോൾ ഈ നടനിലൂടെയാണ്.
ഈ വാരം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയ അഞ്ചരക്കള്ളകൊക്കാൻ പൊറാട്ട് എന്ന ചിത്രത്തിലെ മണികണ്ഠന്റെ കഥാപാത്രം വീണ്ടും തിയേറ്ററുകളിൽ കയ്യടികൾ നേടുകയാണ്. ഇതിനോടകം തന്നെ തിയേറ്ററുകളിൽ നിന്നും ഗംഭീര പ്രതികരണം നേടിയെടുക്കുന്ന ചിത്രത്തിൽ മണികണ്ഠന്റെ പ്രകടനത്തെക്കുറിച്ച് പറയാതെ വയ്യ. ചിത്രത്തിലെ കഥയിലെ തന്നെ നെടുംതൂണായ ശങ്കരാഭരണം എന്ന കഥാപാത്രമായാണ് മണികണ്ഠൻ പ്രത്യക്ഷപ്പെടുന്നത്. ഏറെ വൈകാരിക മുഹൂർത്തങ്ങൾ ഉണ്ടായിരുന്ന ശങ്കരാഭരണത്തെ വളരെ കയ്യടക്കത്തോടെയാണ് താരം ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ എടുത്തു പറയേണ്ടതും തീയറ്ററുകളെ ഇളക്കിമറിച്ചതും മണികണ്ഠന്റെ ആക്ഷൻ രംഗങ്ങളാണ്. ഉല്ലാസ് ചെമ്പൻ ഒരുക്കിയ അതിഗംഭീരമായ മേക്കിങ്ങിൽ ആക്ഷൻ രംഗങ്ങളിൽ അക്ഷരാർത്ഥത്തിൽ മെയ് വഴക്കോട് കൂടി മണികണ്ഠൻ നിറഞ്ഞാടുകയായിരുന്നു. ചെമ്പൻ വിനോദിനോടൊപ്പം ലൂക്‌മാനോടൊപ്പവും സെന്തിൽ കൃഷ്ണക്കൊപ്പവും ഉള്ള രംഗങ്ങൾ ആരാധകരെ ആവേശം കൊള്ളിച്ചത് ചില്ലറയൊന്നുമല്ല. ചിത്രം വലിയ വിജയത്തിലേക്ക് കുതിക്കുമ്പോൾ മണികണ്ഠൻ ആചാരി എന്ന നടൻ സിനിമ പ്രേമികൾക്ക് നൽകുന്നത് പുതിയ പ്രതീക്ഷകളാണ്. ഇനിയും ഇത്തരത്തിലുള്ളതും വ്യത്യസ്ത പരവുമായ വേഷങ്ങൾ ഈ നടനിൽ എത്തിച്ചേരട്ടെ, ഇന്ത്യൻ സിനിമ ലോകം തന്നെ ഇപ്പോൾ ഏറെ ഉറ്റുനോക്കുന്ന മലയാള സിനിമയെ ഇത്തരം കഥാപാത്രങ്ങൾ പകർന്നാടുവാനുള്ള നടന്മാർ തന്നെയാണ് ബലപ്പെടുത്തുന്നത്.