Wednesday, April 24, 2024
HomeMalayalamFilm Newsമാത്യു-നസ്ലെൻ കൂട്ടുകെട്ടിന്റെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രം? നെയ്മറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

മാത്യു-നസ്ലെൻ കൂട്ടുകെട്ടിന്റെ ആദ്യ പാന്‍-ഇന്ത്യന്‍ ചിത്രം? നെയ്മറിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

‘ഓപ്പറേഷൻ ജാവ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പത്മ ഉദയ് നിർമ്മിക്കുന്ന ബിഗ്‌ ബജറ്റ് ചിത്രം ‘നെയ്മറി’ന്റെ ഷൂട്ടിംഗ് പോണ്ടിച്ചേരിയില്‍ പുരോഗമിക്കുന്നു. ‘ജില്ല’, ‘ഗപ്പി’, ‘സ്റ്റൈൽ’, ‘അമ്പിളി’, ‘ഹാപ്പി വെഡിങ്’ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് എഡിറ്ററായും, ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ കോ ഡയറക്ടറായും പ്രവർത്തിച്ച സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്നാണ്. മാത്യു-നസ്ലെൻ ഹിറ്റ് കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ പാന്‍-ഇന്ത്യന്‍ സിനിമയ്ക്ക് വേണ്ടി പ്രേക്ഷകരും പ്രതീക്ഷയിലാണ്. മലയാളികള്‍ കണ്ട് പരിചയിച്ച മാത്യു-നസ്ലെൻ കഥാപാത്രങ്ങളില്‍ നിന്നും തീർത്തും വ്യത്യസ്തമായാണ് ഇരുവരും ‘നെയ്മറി’ല്‍ എത്തുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍. ഇരുവരുടെയും കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം, ‘ജോ & ജോ’ വൻ ഹിറ്റായിരുന്നു.


ഒരു മുഴുനീള എന്റെർറ്റൈനർ ആയി എത്തുന്ന സിനിമയിൽ, മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെങ്കിലും, സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. മലയാള സിനിമയ്ക്ക് ഒട്ടനേകം ഹിറ്റ്‌ ഗാനങ്ങള്‍ സമ്മാനിച്ച, മലയാളികളുടെ പ്രിയങ്കരനായ ഷാൻ റഹ്മാൻ ‘നെയ്മറി’നു വേണ്ടി സംഗീതമൊരുക്കുന്നു. ‘ഹണീ ബീ’, ‘ഗ്യാങ്സ്റ്റർ’, ‘അബ്രഹാമിന്റെ സന്തതികള്‍’, ‘കാണെക്കാണെ’ എന്നീ സിനിമകൾക്ക് ‌ വേണ്ടി പ്രവർത്തിച്ച ആൽബി ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ, നൗഫൽ അബ്ദുള്ള എഡിറ്റിംഗ് നിർവഹിക്കുന്നു. ‘കള’, ‘ഓപ്പറേഷൻ ജാവ’, ‘ജാന്‍.എ.മന്‍.’, ‘ജോണ്‍ ലൂഥർ’, ‘പന്ത്രണ്ട്’എന്നീ സിനിമകളില്‍ സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഫിനിക്സ് പ്രഭുവാണ് ‘നെയ്മറി’നു വേണ്ടി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഉദയ് രാമചന്ദ്രനാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

സിനിമയുടെ ‘നെയ്മർ’ എന്ന പേര്, സാമൂഹ്യ മാധ്യമങ്ങളിൽ പല ചർച്ചകൾക്കും അഭ്യൂഗങ്ങൾക്കും വഴിതെളിച്ചിരുന്നുവെങ്കിലും, സിനിമയുടെ അണിയറ പ്രവർത്തകർ ഇതിനോട് പ്രതികരിച്ചിട്ടില്ല. മികച്ച ശബ്ദ രൂപകൽപനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിഷ്ണു ഗോവിന്ദ്‌, ശ്രീശങ്കർ (സൗണ്ട് ഫാക്ടർ), ശബ്ദ രൂപകൽപന, ശബ്ദ മിശ്രണം എന്നിവ കൈകാര്യം ചെയ്യുന്നു. റിലീസിനൊരുങ്ങുന്ന ‘പാപ്പന്‍’, ‘ഒരു മെക്സിക്കന്‍ അപാരത’, ‘അരവിന്ദന്റെ അതിഥികള്‍’ എന്നീ സിനിമകളില്‍ പ്രവർത്തിച്ച നിമേഷ് എം താനൂർ കലാസംവിധാനം ഒരുക്കുന്ന ചിത്രത്തിൽ, മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരം കൈകാര്യം ചെയ്യുന്നു. മാത്യൂസ്‌ തോമസാണ് സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ. പി കെ ജിനുവാണ് പ്രൊഡക്ഷൻ കൺട്രോളർ. എ എസ് ദിനേശ്, ശബരി പി.ആര്‍.ഓ. ചിത്രം ക്രിസ്തുമസിന് തിയേറ്ററുകളിലെത്തും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments