Wednesday, June 29, 2022

ചാക്കോച്ചന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം? പടയിലെ രാകേഷായി ഞെട്ടിച്ചു ചാക്കോച്ചൻ

- Advertisement -

ആദിവാസി ഭൂസമരങ്ങളുടെ ചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ വരെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. കേരളത്തിൽ 25 വർഷങ്ങൾക്കു മുൻപ് അയ്യങ്കാളിപ്പട നടത്തിയ ഒരു യഥാർത്ഥ സമരത്തെ ആസ്പദമാക്കിയാണ് കമൽ ‘പട’ ഒരുക്കിയിരിക്കുന്നത്. 1996ൽ പാലക്കാട് കളക്‌ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലുപേർ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്. വ്യക്തികളല്ല, സമൂഹമാണ് വലുതെന്ന് വിശ്വസിക്കുന്ന, ചാവേറുകളുടെ മനസ്സുള്ള നാലുപേർ. ഒരു സുപ്രഭാതത്തിൽ പാലക്കാട് കളക്ട്രേറ്റിലേക്ക് പലയിടങ്ങളിൽ നിന്നായി എത്തിച്ചേർന്ന ആ നാലുപേർ. ചാക്കോച്ചനും, ജോജുവും, വിനായകനും, ദിലീഷ് പോത്തനും സ്വയം മറന്നു കഥാപാത്രങ്ങളായി ജീവിച്ച നിമിഷം. കുഞ്ചാക്കോ ബോബൻ ചെയ്ത രാകേഷ് എന്ന കഥാപാത്രം എടുത്ത് പറയേണ്ട ഒന്ന് തന്നെയാണ്. രാകേഷിന്റെ ശബ്ദവും രീതികളും ഒന്നും ഒരിക്കലും കുഞ്ചാക്കോ ബോബൻ എന്ന വ്യക്തിയെ ഓർമ്മപെടുത്തുന്നില്ല. പരിമിതികൾ മറികടന്നാണ് അദ്ദേഹം ആ കഥാപാത്രം ആയി ഞെട്ടിക്കുന്നത്. കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവിനു എന്നും അഭിമാനിക്കാവുന്ന ഒരു കഥാപാത്രമാണ് രാകേഷ്.

നാലുപേരും പ്രകടനത്തിൽ ഒന്നിനൊന്നു മികച്ചുനിൽക്കുന്നു എന്ന് തന്നെ പറയാം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഴിയുന്ന ആ നിമിഷത്തിനപ്പുറം കുഞ്ചാക്കോ ബോബനെയോ വിനായകനെയോ ജോജുവിനെയോ ദിലീഷിനെയോ പ്രേക്ഷകർക്ക് സീനിൽ കാണാനാവില്ല. കഥാപാത്രങ്ങങ്ങളുടെ മാനസികാവസ്ഥകളെ കൃത്യമായി സ്വാംശീകരിച്ച് രാകേഷും ബാലുവും അരവിന്ദനും നാരായണൻകുട്ടിയുമൊക്കെയായി മാറുകയാണ് അവർ നാലുപേരും. ട്രീറ്റ്മെന്റിലൊന്നു പാളി പോയാൽ ഒരു ഡോക്യുമെന്ററിയുടെ സ്വഭാവത്തിലേക്ക് വീണുപോകുമായിരുന്ന ചിത്രത്തെ ലൈവാക്കി, പ്രേക്ഷകരുടെ വൈകാരികതയുമായി കണക്റ്റ് ചെയ്യുന്ന രീതിയിൽ നിലനിർത്തുന്നതും ഈ നടന്മാരുടെ പ്രകടനമാണ്.

ചരിത്രത്തിൽ എന്തു സംഭവിച്ചു എന്നതിന്റെ ഓർമ്മപ്പെടുത്തൽ മാത്രമായി ഒതുങ്ങുന്നില്ല ‘പട’. പകരം, കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക ഭൂപടത്തിൽ എവിടെയും സ്വന്തമായൊരു ഇടമോ സ്വത്വമോ ഇല്ലാത്തൊരു ജനത കാലാകാലങ്ങളായി കേരള മനസാക്ഷിയോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങൾ ആയിരമിരട്ടി ഉച്ചത്തിൽ, സിനിമയെന്ന മാധ്യമത്തിന്റെ മുഴുവൻ ശക്തിയും സമാഹരിച്ചുകൊണ്ട് ഉറക്കെയുറക്കെ ആവർത്തിക്കുകയാണ് പടയിലൂടെ കമലും സംഘവും. ഇനിയും മനസാക്ഷി മരിച്ചിട്ടില്ലാത്ത ഒരു ജനതയ്ക്ക് ആ ചോദ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കാനാവില്ല, ഉള്ളിലെവിടെയോ കനം വയ്ക്കുന്ന കുറ്റബോധത്തോടെ മാത്രമേ ‘സുരക്ഷിതമായ ഇടങ്ങളിൽ’ ജീവിക്കുന്ന നമുക്ക് ‘പട’ കണ്ടിറങ്ങാനാവൂ.

ഒരു പതിറ്റാണ്ടിനിടെ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച പൊളിറ്റിക്കൽ ചിത്രങ്ങളുടെ പട്ടികയിൽ ഇനി മുതൽ ‘പട’യുമുണ്ടാകും. അധികാര രാഷ്ട്രീയമല്ല, ഭരണഘടനയോടും നിയമവ്യവസ്ഥയോടും നീതി പുലര്‍ത്തുന്ന, ജനാധിപത്യാവകാശങ്ങളെ മാനിക്കുന്ന രാഷ്ട്രീയമാണ് നമുക്ക് വേണ്ടതെന്ന് ‘പട’ ഓർമ്മപ്പെടുത്തുന്നു. ആദിവാസി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചകൾ ഉയർന്നുവരാൻ വരും ദിനങ്ങളിൽ ‘പട’ നിമിത്തമാവുമെന്ന് പ്രതീക്ഷിക്കാ.

- Advertisement -
Latest news
- Advertisement -
Related news
- Advertisement -spot_img