Friday, April 19, 2024
HomeMalayalamFilm Newsആർ ഡി എക്‌സിന് സംഘട്ടനമൊരുക്കാൻ കെ ജി എഫ്, കൈതി, വിക്രം ചിത്രങ്ങളിലെ അൻപറിവ്‌ സഹോദരന്മാർ...

ആർ ഡി എക്‌സിന് സംഘട്ടനമൊരുക്കാൻ കെ ജി എഫ്, കൈതി, വിക്രം ചിത്രങ്ങളിലെ അൻപറിവ്‌ സഹോദരന്മാർ എത്തുന്നു

ദേശി സൂപ്പർഹീറോ കഥ പറഞ്ഞ് ഇന്റർനാഷണൽ റീച്ച് നേടിയ മിന്നൽ മുരളിക്ക് ശേഷം മാസ്സ് ആക്ഷൻ ചിത്രവുമായി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് എത്തുകയാണ്. ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം, മിന്നൽ മുരളി തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന R D X (റോബർട്ട് ഡോണി സേവ്യർ) എന്ന പുതിയ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിങ്ങനെ പ്രേക്ഷകപ്രിയ താരങ്ങൾ അണിനിരക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തന്നെ ആരംഭിക്കുന്നതാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും എന്നാണ് അറിയുവാൻ സാധിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, പി ആർ ഒ – ശബരി.

ഇപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്ത നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുകയാണ്. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന സന്തോഷമാണ് വീക്കെൻഡ് ബ്ലോക്ക്ബാസ്റ്റേഴ്‌സ് വെളിപ്പെടുത്തിയിരിക്കുന്നത്. ആക്ഷൻ ചിത്രങ്ങളെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് വലിയൊരു വിരുന്ന് തന്നെ പ്രതീക്ഷിക്കാം എന്നർത്ഥം. ബാച്ചിലർ പാർട്ടി, രാമലീല, കമ്മാര സംഭവം തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾക്കും ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിട്ടുള്ള ഈ ഇരട്ടസഹോദരന്മാർ കെ ജി എഫി ചാപ്റ്റർ 1ലെ സംഘട്ടനം ഒരുക്കിയതിന് മികച്ച സംഘട്ടനത്തിനുള്ള ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു.

സ്റ്റണ്ട് ശിവ, പീറ്റർ ഹെയ്‌ൻ, വിജയൻ, തുടങ്ങി നിരവധി പ്രമുഖ സംഘട്ടന സംവിധായകരുടെ സഹായികളായി പ്രവർത്തിച്ചിട്ടുള്ള അൻപറിവ്‌ ആദ്യമായി സ്വതന്ത്ര സംഘട്ടനസംവിധായകരായത് വിജയ് സേതുപതി നായകനായ ഇഥർക്കുതാനെ ആശൈപ്പട്ടൈ ബാലകുമാരാ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങൾക്ക് പിന്നിൽ ഇവർ പ്രവർത്തിച്ചുക്കഴിഞ്ഞു. വിക്രം, ബീസ്റ്റ്, കെ ജി എഫ്, എതർക്കും തുനിന്തവൻ, സർപ്പട്ട പരമ്പരൈ, രാധേ, കൈതി, സിംഗം 3, 24, കബാലി തുടങ്ങിയവയാണ് ഇവർ പ്രവർത്തിച്ച പ്രധാന ചിത്രങ്ങൾ. ശിവകാർത്തികേയൻ നായകനായ അയലാൻ, രാംചരൺ ചിത്രം, പ്രഭാസ് നായകനാകുന്ന സലാർ എന്നിവയാണ് ചിത്രീകരണം പുരോഗമിക്കുന്ന മറ്റ് അൻപറിവ്‌ ചിത്രങ്ങൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments