ഹിറ്റുകളുടെ സംവിധായകൻ എസ് ശങ്കറും സൂപ്പർ താരം രാംചരണും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. രാംചരണിന്റെ പിറന്നാൾ ദിനത്തിലാണ് ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്റെ പേര് പുറത്തു വന്നിരിക്കുന്നത്. ഗെയിം ചേഞ്ചർ എന്നാണ് ചിത്രത്തിന്റെ പേര്. കിയാര അദ്വാനി നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ പേര് ആർ സി 15 എന്നായിരുന്നു. ‘ഗെയിം ചേഞ്ചർ’ എന്ന പേര് തന്റെ സോഷ്യൽ മീഡിയിലൂടെ രാം ചരൺ തന്നെയാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ബൈക്കിന് മുകളിൽ കൂളിംഗ് ഗ്ലാസ് വെച്ച് മാസ്സ് ലുക്കിലുള്ള രാം ചരണിനെയാണ് പോസ്റ്ററിൽ കാണാനാവുന്നത്. ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രം ആയിരിക്കുമെന്ന് പ്രതീക്ഷ നൽകുന്നതാണ് ‘ഗെയിം ചേഞ്ചർ’ ടൈറ്റിൽ. രാംചരണും കിയാര അദ്വാനിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം രാം ചരണിന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊൻതൂവൽ ആയിരിക്കും.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. പ്രശസ്ത മ്യൂസിക് കമ്പോസർ എസ്. തമൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് തിരുനാവുക്കരശ് ആണ് . വെങ്കിടേശ്വര ക്രിയേഷൻസിന്റെ അൻപതാം ചിത്രമാണിത്.
അഞ്ജലി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനിൽ, ജയറാം, നവീൻ ചന്ദ്ര തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
ചിത്രത്തിന്റെ പിആർഒ ആതിര ദിൽജിത്