സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്സ് (SIIMA), അതിന്റെ പത്താം പതിപ്പുമായി എത്തുകയാണ്. ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും വലുതും ഏറ്റവുമധികം പ്രേക്ഷകരുള്ള ചലച്ചിത്ര അവാർഡ് ഷോയാണ് സൈമ. SIIMA ഇവന്റിന്റെ പത്താം പതിപ്പ് 2022 സെപ്റ്റംബർ 10, 11 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. 2021-ൽ 4 ദക്ഷിണേന്ത്യൻ ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമകൾക്കുള്ള SIIMA നോമിനേഷനുകൾ SIIMA ചെയർപേഴ്‌സൺ ബൃന്ദ പ്രസാദ് അഡുസുമില്ലി പ്രഖ്യാപിച്ചു.
പുഷ്പ: ദി റൈസ് (തെലുങ്ക്), കർണൻ (തമിഴ്), റോബർട്ട് (കന്നഡ), മിന്നൽ മുരളി (മലയാളം)എന്നീ ചിത്രങ്ങളാണ് 2021-ലെ SIIMA-യിലേക്കുള്ള SIIMA നോമിനേഷനുകളിൽ മുന്നിട്ടുനിൽക്കുന്നത്.
മലയാളത്തിൽ ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ 10 നോമിനേഷനുകളുമായി മുന്നിട്ടു നിൽക്കുമ്പോൾ 8 നോമിനേഷനുകളുമായി ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്‌ത കുറുപ്പ് രണ്ടാം സ്ഥാനത്താണ്. 6 നോമിനേഷനുകൾ വീതം നേടി ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കും ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയും മൂന്നാം സ്ഥാനം പങ്കിടുന്നു.
തെലുങ്കിൽ അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത ‘പുഷ്പ: ദ റൈസ്’ 12 നോമിനേഷനുകളുമായി മുന്നിട്ടുനിൽക്കുമ്പോൾ 10 നോമിനേഷനുകളുമായി ബാലകൃഷ്ണയെ നായകനാക്കി ബോയപതി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. 8 നോമിനേഷനുകൾ വീതമുള്ള ഉപ്പേനയും ജാതി രത്നലുവും മൂന്നാം സ്ഥാനം പങ്കിടുന്നു.
തമിഴിൽ ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത കർണൻ 10 നോമിനേഷനുകളുമായി മുന്നിട്ടുനിൽക്കുമ്പോൾ, 9 നോമിനേഷനുകളുമായി ശിവകാർത്തികേയനൻ നായകനായി നെൽസൻ സംവിധാനം ചെയ്ത ഡോക്ടർ രണ്ടാം സ്ഥാനത്താണ്. 7 നോമിനേഷനുകൾ വീതമുള്ള മാസ്റ്ററും തലൈവിയും മൂന്നാം സ്ഥാനം പങ്കിടുന്നു. കന്നഡയിൽ തരുൺ സുധീർ സംവിധാനം ചെയ്ത റോബർട്ട് 10 വിഭാഗങ്ങളിൽ മുന്നിട്ട് നിൽക്കുന്നു.
ഓൺലൈൻ വോട്ടിംഗ് സംവിധാനത്തിലൂടെയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്.
www.siima.in ലും SIIMA യുടെ ഫേസ്ബുക്ക് പേജിലും ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾക്കും സിനിമകൾക്കും വോട്ട് ചെയ്യാം.
Recent Comments